മണ്ണാർക്കാട്: ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് കുമരംപുത്തൂർ ജംഗ്ഷനിൽ റോഡിന്റെ അതിർത്തിവരെ റോഡ് നവീകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നഗരത്തിൽ തുടങ്ങി. അഴുക്കുചാൽ നിർമിക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്.
മറ്റിടങ്ങളിൽ ചെയ്യുന്നതുപോലെ കുമരംപുത്തൂർ ജംഗ്ഷനിലും 13 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനാണ് പദ്ധതിയുണ്ടായിരുന്നത്. എന്നാൽ ഇതംഗീകരിക്കില്ലെന്ന നിലപാടിൽ കഴിഞ്ഞദിവസം നാട്ടുകാർ രംഗത്തെത്തിയിരുന്നു.
പ്രവൃത്തികൾ ആരംഭിച്ചത് നാട്ടുകാരുടെ നേതൃത്വത്തിൽ തടയുകയും ചെയ്തിരുന്നു. നഗരപ്രദേശമായ കുമരംപുത്തൂർ ജംഗ്ഷൻ മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെ വരുന്ന 300 മീറ്ററോളം റോഡ് മുഴുവനായും നവീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
11 മീറ്റർ വീതിയിൽ നവീകരിച്ചാൽ ബാക്കിവരുന്ന സ്ഥലത്ത് വാഹനങ്ങൾക്ക് പാർക്കുചെയ്യാൻപോലും കഴിയാത്ത അവസ്ഥ വരുമെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടി. ഇതു വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾ പാർക്കുചെയ്യുന്നവർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഇനി അടുത്ത കാലത്തൊന്നും റോഡ് നവീകരണം വരില്ലെന്നിരിക്കെ ഇപ്പോൾതന്നെ റോഡ് പൂർണമായും നവീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.